International
ലണ്ടൻ: ബ്രിട്ടനിൽ നിന്നു മടങ്ങിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി.
ബ്രിട്ടനിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ചെക്കേഴ്സിൽ നിന്ന് ലണ്ടനിലെ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് ട്രംപിന്റെ മറീൻ വൺ ഹെലികോപ്റ്ററിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് സാങ്കേതിക തകരാർ നേരിട്ടത്.
തുടർന്ന് ഒരു പ്രാദേശിക എയർഫീൽഡിൽ ഹെലികോപ്ടർ അടിയന്തരമായി ഇറക്കി. പിന്നീട് ട്രംപും മെലാനിയയും മറ്റൊരു ഹെലികോപ്റ്ററിൽ വിമാനത്താവളത്തിലേക്ക് എത്തുകയും പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണ്ണിൽ യുഎസിലേക്കു മടങ്ങുകയും ചെയ്തു.
NRI
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ജന്മദിനാശംസകൾ നേർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന് എക്സിലൂടെ മോദി നന്ദി പറഞ്ഞു.
"75-ാം ജന്മദിനത്തിൽ ആശംസകൾ നേർന്നതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപിന് നന്ദി. നിങ്ങളെപ്പോലെ, ഇന്ത്യ-യുഎസ് പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. യുക്രെയ്ൻ സംഘർഷത്തിൽ സമാധാനപരമായ പരിഹാരം കാണാനുള്ള ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു' - മോദി എക്സിൽ കുറിച്ചു.
മോദിയെ ഫോണിൽ വിളിച്ചതായി സ്ഥിരീകരിച്ച് ട്രംപും ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് പങ്കുവച്ചു. എന്റെ സുഹൃത്ത് നരേന്ദ്ര മോദിയുമായി ഫോൺ സംഭാഷണം നടത്തി. അദ്ദേഹത്തിന് ജന്മദിനാശംസ നേർന്നു. റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പിന്തുണയ്ക്ക് മോദിക്ക് നന്ദി അറിയിക്കുന്നതായും ട്രംപ് അറിയിച്ചു.
NRI
ലണ്ടൻ: രണ്ടു ദിവസത്തെ യുകെ സന്ദർശത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും ലണ്ടനിൽ എത്തി. ഇന്ന് വിൻഡ്സർ കാസിലിൽ ചാൾസ് രാജാവും രാജ്ഞി കമിലയുമായി കൂടിക്കാഴ്ച നടത്തും.
വ്യാഴാഴ്ച യുകെ പ്രധാനമന്ത്രി കിയെർ സ്റ്റാർമറുമായും ചർച്ച നടത്തും. ട്രംപിനെതിരേ പ്രതിഷേധങ്ങൾ അരങ്ങേറാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ചാൾസ് മൂന്നാമൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ട്രംപ് എത്തിയിരിക്കുന്നത്. വിൻഡ്സർ കാസിലിൽ ട്രംപിനും മെലാനിയക്കും രാജകീയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
എയർഫോഴ്സ് വൺ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിലത്തിയ ട്രംപിനെ യുകെയിലെ യുഎസ് അംബാസഡർ വാറൻ സ്റ്റീഫൻസും രാജാവിന്റെ ലോർഡ്- ഇൻ- വെയിറ്റിംഗ് വിസ്കൗണ്ട് ഹെൻറി ഹുഡും ചേർന്ന് സ്വീകരിച്ചു.
NRI
വാഷിംഗ്ൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തും വൈറ്റ് ഹൗസ് പേഴ്സണൽ ഡയറക്ടറുമായ സെർജിയോ ഗോറിനെ ഇന്ത്യയിലേക്കുള്ള അമേരിക്കൻ അംബാസഡറായി നിമയിച്ചു.
ദക്ഷിണ-മധ്യേഷ്യൻ മേഖലയിലേക്കുള്ള യുഎസ് പ്രസിഡന്റിന്റെ പ്രത്യേക ദൂതനായും സെർജിയോ ഗോർ പ്രവർത്തിക്കും. ഗോർ തന്റെ പ്രിയ സുഹൃത്തും ഭരണത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളുമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു.
റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരിൽ ഇന്ത്യക്ക് മേൽ 25 ശതമാനം അധിക നികുതി ചുമത്തിയതിനൊപ്പം, 25 ശതമാനം പ്രതികാര തീരുവയും ട്രംപ് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഗോറിന്റെ നിയമനം നിർണായകമാണ്.
"സെർജിയോയും സംഘവും റിക്കാർഡ് സമയത്തിനുള്ളിൽ ഗവൺമെന്റിന്റെ എല്ലാ വകുപ്പുകളിലുമായി ഏകദേശം 40,000 രാജ്യസ്നേഹികളെ നിയമിച്ചു- നമ്മുടെ വകുപ്പുകളും ഏജൻസികളും 95 ശതമാനത്തിലധികം അമേരിക്ക ഫസ്റ്റ് രാജ്യസ്നേഹികളാൽ നിറഞ്ഞിരിക്കുന്നു.' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
നിലവിൽ വൈറ്റ് ഹൗസ് പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഗോർ, സ്ഥാനപതിയായി ചുമതലയെടുക്കുന്നതുവരെ പദവിയിൽ തുടരുമെന്ന് ട്രംപ് പറഞ്ഞു.
'ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള ഈ മേഖലയിൽ, നമ്മുടെ അജണ്ട നടപ്പാക്കാനും നമ്മളെ സഹായിക്കാനും പൂർണമായി വിശ്വസിക്കാൻ കഴിയുന്ന ഒരാൾ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുക. സെർജിയോ ഒരു മികച്ച അംബാസഡറായിരിക്കും. അഭിനന്ദനങ്ങൾ സെർജിയോ' ട്രംപ് കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ: ഇറാനും ഇസ്രയേലും തമ്മിലുണ്ടായ സംഘർഷത്തിൽ ഇടപെട്ടതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ഇസ്രയേൽ പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ട്രംപിനെ സമാധാന നൊബേലിനു നാമനിർദേശം ചെയ്തുകൊണ്ടു നൊബേൽ കമ്മിറ്റിക്ക് കത്തയച്ചിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേലികളുടെ മാത്രമല്ല, മൊത്തം ജൂതരുടെ അഭിനന്ദനവും ആരാധനയും പ്രകടിപ്പിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം കത്ത് ട്രംപിന് നൽകിയത്.“മിസ്റ്റർ പ്രസിഡന്റ്, നൊബേൽ സമ്മാന കമ്മിറ്റിക്ക് അയച്ച കത്ത് താങ്കൾക്ക് നൽകാൻ ഞാൻ ആഗ്രഹിക്കുകയാണ്.
താങ്കൾ പുരസ്കാരത്തിനു പൂർണമായും അർഹനാണ്’’, വാഷിംഗ്ടണിൽ നടന്ന യോഗത്തിനിടെ നെതന്യാഹു പറഞ്ഞു. വളരെ നന്ദി ബീബി...താങ്കൾ തരുന്പോൾ ഇത് വളരെ അർഥം നിറഞ്ഞതാണ് എന്ന് പറഞ്ഞുകൊണ്ട് ട്രംപ് കത്ത് സ്വീകരിച്ചു. നിരവധി ആഗോള സംഘർഷങ്ങളും യുദ്ധങ്ങളും അവസാനിപ്പിച്ച താൻ നൊബേൽ സമ്മാനത്തിന് അർഹനാണെന്ന നിലപാടാണ് ട്രംപ് വളരെക്കാലമായി സ്വീകരിക്കുന്നത്.
International
വാഷിംഗ്ടൺ: യുക്രെയ്നിലേക്കുള്ള ആയുധക്കയറ്റുമതി നിർത്തിവയ്ക്കാൻ തീരുമാനിച്ച് ദിവസങ്ങൾക്കുശേഷം, ആയുധങ്ങൾ നൽകുന്നത് തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. രാജ്യത്തിന്റെ ആയുധശേഖരത്തിൽ കുറവ് വരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യുക്രെയ്നിന് ചില ആയുധങ്ങൾ നൽകുന്നത് താത്കാലികമായി നിർത്തിവയ്ക്കുമെന്ന് പെന്റഗൺ കഴിഞ്ഞയാഴ്ച അറിയിച്ചത്. “അവർ കടുത്ത ആക്രമണം നേരിടുന്നുണ്ട്. അവർക്ക് സ്വയം പ്രതിരോധിക്കണം.
അതിനാൽ ഞങ്ങൾ കുറച്ചുകൂടി ആയുധങ്ങൾ അയയ്ക്കാൻ പോകുന്നു”, ട്രംപ് പറഞ്ഞു. ആയുധവിതരണം പൊടുന്നനെ നിർത്തിവയ്ക്കാനുള്ള യുഎസിന്റെ മുൻതീരുമാനം യുക്രെയ്നെയും സഖ്യകക്ഷികളെയും അദ്ഭുതപ്പെടുത്തിയിരുന്നു. ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ആയുധങ്ങൾ കയറ്റിയയ്ക്കുന്ന നടപടി പുനരാരംഭിക്കുമെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനായി വൈറ്റ് ഹൗസിൽ ഒരുക്കിയ അത്താഴവിരുന്നിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ട്രംപ് വിമർശിച്ചു.
യുക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ശ്രമിച്ചുവരികയാണ്. സമാധാന ചർച്ചകളിലേക്ക് പുടിനെ എത്തിക്കാൻ റഷ്യയുടെ എണ്ണ വ്യവസായത്തിനു മേൽ പുതിയ ഉപരോധങ്ങൾ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. റഷ്യയുടെ എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്കുമേൽ 500 ശതമാനം തീരുവ ചുമത്താനുള്ള ബില്ലുമായി മുന്നോട്ടുപോകാൻ ട്രംപ് തനിക്ക് അനുമതി നൽകിയിട്ടുണ്ടെന്നു സെനറ്റർ ലിൻഡ്സേ ഗ്രഹാമും പറഞ്ഞു. ഇത് ഇന്ത്യക്കും ചൈനയ്ക്കും തിരിച്ചടിയാകുമെന്നു കരുതപ്പെടുന്നു.
അതേസമയം, യുക്രെയ്നിന് ആയുധങ്ങൾ നൽകുന്ന പാശ്ചാത്യ രാജ്യങ്ങളെ സംഘർഷത്തിൽ നേരിട്ട് പങ്കാളികളാകുന്നവരായി റഷ്യ പരിഗണിക്കുമെന്നു പുടിൻ പലതവണ അറിയിച്ചിട്ടുണ്ട്.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അമേരിക്ക ആഗോളരാജ്യങ്ങൾക്കുമേൽ പ്രഖ്യാപിച്ച പരസ്പരതീരുവകളുടെ മരവിപ്പിക്കൽ ഈ മാസം ഒന്‍പതിന് അവസാനിക്കാനിരിക്കേ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യങ്ങളോട് കേന്ദ്രം വഴങ്ങുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ട്രംപ് ഇന്ത്യക്കുമേൽ പ്രഖ്യാപിച്ചിട്ടുള്ള 26 ശതമാനം പരസ്പരതീരുവ ഒഴിവാക്കാനായി അമേരിക്കയുമായി കേന്ദ്രത്തിന്റെ വ്യാപാര ചർച്ചകൾ പുരോഗമിക്കുന്പോഴാണ് രാഹുലിന്റെ പ്രസ്താവന. അമേരിക്കയുമായുള്ള വ്യാപാരകരാർ ചർച്ചകളിൽ ഇന്ത്യ സമയപരിധിയേക്കാൾ രാജ്യതാത്പര്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്ന കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവനയടങ്ങുന്ന വാർത്താശകലം എക്സിൽ പങ്കുവച്ചായിരുന്നു രാഹുൽ പ്രതികരിച്ചത്.
ട്രംപിന്റെ താരിഫ് സമയപരിധിക്കുമുന്നിൽ മോദി സൗമ്യമായി വഴങ്ങുമെന്നായിരുന്നു പിയൂഷ് ഗോയലിന്റെ പ്രസ്താവനയെ തള്ളിക്കൊണ്ട് രാഹുൽ എക്സിൽ കുറിച്ചത്.
അമേരിക്കയുമായി നടത്തുന്ന ഇടക്കാല വ്യാപാര കരാർ ചർച്ചകളിൽ അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനിതകമാറ്റം വരുത്തിയ വിളകൾക്കും പശുവിൻപാലിനും തീരുവ കുറക്കണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. എന്നാൽ അത്തരമൊരു നീക്കം ഇന്ത്യയിലെ കർഷകരെ ബാധിക്കുമെന്നതിനാൽ ഇന്ത്യ ഇതുവരെ അനുകൂല നിലപാടെടുത്തിട്ടില്ല.
ശക്തമായ നിലയിൽനിന്നുകൊണ്ടാണു ഞങ്ങൾ ചർച്ചകൾ നടത്തുന്നതെന്നും സമയപരിധിക്കു കീഴിലല്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ രാഹുലിന്റെ പ്രസ്താവനയ്ക്കെതിരേ പ്രതികരിച്ചത്. യുപിഎ സർക്കാരിന്റെ കാലത്ത് ദേശീയ താത്പര്യങ്ങൾ പരിഗണിക്കാതെ കരാറുകളിൽ ഒപ്പിട്ടിരുന്നുവെന്നും പിയൂഷ് ഗോയൽ ആരോപിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുമോ എന്ന ചോദ്യം വീണ്ടും ഉയർന്നു വരുന്നു.
ഇസ്രയേലിന്റെയും ഇറാനിന്റെയും നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ മുഖവിലയ്ക്ക് എടുക്കുവാൻ കഴിയുമെങ്കിൽ നേരിട്ടും ദൂതന്മാർ വഴിയും ട്രംപ് നടത്തിയ സമാധാന ചർച്ചകൾ ഒടുവിൽ വിജയം കണ്ടു എന്ന് വേണം കരുതാൻ.
ട്രംപ് വിലപേശലുകൾ നടത്തുവാനും ഉടമ്പടികൾ സൃഷ്ടിക്കുവാനും അസാധാരണ കഴിവുള്ള വ്യക്തിയാണ്. വ്യവസായ രംഗത്ത് തന്റേതായ സാമ്രാജ്യം പടുത്തുയർത്തുവാൻ ട്രംപിന് കഴിഞ്ഞതും ഈ കഴിവുകൾക്കുള്ള തെളിവാണ്.
ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണം എന്ന വാദം ആദ്യമായി ഉയർന്നപ്പോൾ തന്നെ പലരും വിമർശിക്കുകയും കളിയാക്കുകയും ചെയ്തിരുന്നു.
International
വാഷിംഗ്ടൺ ഡിസി: സിറിയയ്ക്കുമേലുള്ള ഉപരോധം നീക്കുന്ന സുപ്രധാന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. എന്നാൽ പുറത്താക്കപ്പെട്ട മുൻ പ്രസിഡന്റ് ബഷർ അസാദിനും സഹായികൾക്കും കുടുംബത്തിനുമെതിരായ ഉപരോധം നിലനിൽക്കും.
മേയ് മാസത്തിൽ ട്രംപ് സിറിയയ്ക്ക് മേലുള്ള ഉപരോധത്തിൽ ഇളവുകൾ വരുത്തിയിരുന്നു. ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയെ പുനർനിർമിക്കാൻ സഹായം നൽകുമെന്ന് ട്രംപ് അറിയിച്ചു. വികസനത്തിലേക്കുള്ള വാതിൽ തുറന്നെന്ന് സിറിയൻ ഭരണകൂടം പ്രതികരിച്ചു.സിറിയയ്ക്കെതിരെ അരനൂറ്റാണ്ടായി നിലനിന്നിരുന്ന ഉപരോധമാണ് അമേരിക്ക പിന്‍വലിച്ചത്.
International
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരേ "ഫത്വ' പുറപ്പെടുവിച്ച് ഇറാൻ.
"ദൈവത്തിന്റെ ശത്രുക്കൾ' എന്നു മുദ്രകുത്തി ഇറാനിലെ ഉന്നത ഷിയ പുരോഹിതൻ ആയത്തുള്ള നാസർ മകരേം ഷിരാസി ആണ് "ഫത്വ' പുറപ്പെടുവിച്ചത്. ഇസ്ലാമിക നേതൃത്വത്തെ ഭീഷണിപ്പെടുത്തിയ അമേരിക്കൻ, ഇസ്രയേൽ നേതാക്കളെ സ്ഥാനഭ്രഷ്ടരാക്കാൻ ലോകമെമ്പാടുമുള്ള മുസ്ലിംകളോട് ഷിരാസി ആഹ്വാനം ചെയ്തു.
ഇസ്ലാമികരാജ്യത്തെയോ, നേതാവിനെയോ ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിയെയും ഭരണകൂടത്തെയും "യുദ്ധപ്രഭു' അല്ലെങ്കിൽ "മൊഹറേബ്' ആയി കണക്കാക്കുന്നുവെന്നും ഷിരാസി പറഞ്ഞു.
"മൊഹറബ്' എന്നാൽ ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ആളാണെന്നും ഇറാനിയൻ നിയമപ്രകാരം "മൊഹറബ്' എന്ന കുറ്റം ചുമത്തുന്നവർക്ക് വധശിക്ഷ, കുരിശിലേറ്റൽ, അവയവങ്ങൾ മുറിച്ചുമാറ്റൽ അല്ലെങ്കിൽ നാടുകടത്തൽ എന്നിവ നേരിടേണ്ടിവരുമെന്നും ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അത്തരം ശത്രുക്കൾക്കായി മുസ്ലിംകളോ, ഇസ്ലാമിക രാഷ്ട്രങ്ങളോ നടത്തുന്ന ഏതു തരത്തിലുള്ള സഹകരണവും പിന്തുണയും ഹറാമോ നിഷിദ്ധമോ ആണ്. തന്റെ മതകടമ നിറവേറ്റുന്ന മുസ്ലിമിന് നഷ്ടങ്ങൾ നേരിടേണ്ടിവന്നാൽ, പോരാളിയായി പ്രതിഫലം ലഭിക്കുമെന്നും ഫത്വയിൽ ഷിരാസി പറയുന്നു.
International
വാഷിംഗ്ടൺ ഡിസി: യുഎസ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക നടപടികളിലൊന്നിനെക്കുറിച്ച് മാധ്യമങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ എന്നീ അമേരിക്കൻ മാധ്യമങ്ങളെയാണ് ട്രംപ് വിമർശിച്ചത്.
രണ്ട് മാധ്യമ സ്ഥാപനങ്ങൾക്കെതിരേയും പൊതുജനം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്രൂത്ത് സോഷ്യലിൽ അദ്ദേഹം കുറിച്ചു.
International
ന്യൂയോർക്ക്: ഇറാന്റെ ആണവകേന്ദ്രങ്ങൾക്ക് മേൽ നടന്ന യുഎസ് ആക്രമണം അവയെ തകർത്തിട്ടില്ലെന്നും ആണവപദ്ധതിയെ ഏതാനും മാസങ്ങൾ പിന്നോട്ടടിക്കുക മാത്രമാണ് ചെയ്തതെന്നും പെന്റഗണിന്റെ ഇന്റലിജൻസ് വിഭാഗമായ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ വിലയിരുത്തൽ പുറത്തുവന്നു.
ആദ്യമിറങ്ങിയ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഈ വിലയിരുത്തൽ യുഎസ് സെൻട്രൽ കമാൻഡ് നടത്തിയ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കരുതപ്പെടുന്നു. ആക്രമണം ഇറാന്റെ ആണവപദ്ധതിയെ തകർത്തുവെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണിത്.
എന്നാൽ ഇത്തരമൊരു വിലയിരുത്തൽ ഉണ്ടായിരുന്നുവെങ്കിലും അതിനോടു യോജിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് സിഎൻഎന്നിനോട് പറഞ്ഞു. റിപ്പോർട്ടിലെ കണ്ടെത്തലുകൾ തെറ്റാണ്. രഹസ്യരേഖയായി സൂക്ഷിച്ചിരുന്ന ഇത് ഇന്റലിജൻസിലെ ആരോ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുകയായിരുന്നു. പ്രസിഡന്റിനെ കരിവാരിത്തേക്കാനും ആക്രമണങ്ങൾ നടത്തിയ ധീരരായ പൈലറ്റുകളെ ചെറുതാക്കാനുമുള്ള നീക്കമാണിത്. 30,000 പൗണ്ടുള്ള പതിനാല് ബോംബുകൾ വർഷിച്ചാൽ സന്പൂർണനാശമാണുണ്ടാകുകയെന്ന് എല്ലാവർക്കുമറിയാമെന്നും അവർ കൂട്ടിച്ചേർത്തു.
ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനികാക്രമണമാണ് യുഎസ് നടത്തിയതെന്ന് ട്രംപ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്.
International
ഇസ് ലാമബാദ്: 2026 സമാധാന നൊബേൽ സമ്മാനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നാമനിർദേശം ചെയ്യാനുള്ള പാക് സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യമുയരുന്നു.
ഇറാനെ യുഎസ് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിലെ രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെയുള്ള പ്രശസ്തരായ വ്യക്തികളാണ് ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.
നോർവേയിലെ നൊബേൽ കമ്മിറ്റിക്ക് ട്രംപിനെ നാമനിർദേശം ചെയ്തുകൊണ്ടുള്ള കത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രി ഇഷാക് ദറും നേരത്തേ കൈമാറിയിരുന്നു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തീരുമാനം പിൻവലിക്കണമെന്നാണ് ആവശ്യം.
ജാമിയത് ഉലെമ ഇ ഇസ്ലാം നേതാവ് മൗലാന ഫസലുർ റഹ്മാൻ, മുൻ സെനറ്റർ മുഷാഹിദ് ഹുസൈൻ, യുഎസിലേക്കുള്ള പാക്കിസ്ഥാന്റെ മുൻ അംബാസിഡർ മലീഹ ലോധി എന്നിവരാണ് പാക്കിസ്ഥാന്റെ തീരുമാനത്തെ എതിർക്കുന്നതിൽ പ്രധാനികൾ.
International
ഇസ്ലാമബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പേര് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്ത് പാക്കിസ്ഥാന്. ഇന്ത്യ-പാക്കിസ്ഥാന് വിഷയത്തില്‍ ട്രംപ് നടത്തുന്ന മികച്ച നയതന്ത്ര ഇടപെടലും നേതൃപാടവും പരിഗണിച്ചാണ് നോബേലിന് നിര്‍ദേശിക്കുന്നതെന്ന് പാക്കിസ്ഥാന് സര്‍ക്കാര്‍ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ കുറിച്ചു.
കാഷ്മീര്‍ പ്രശ്നം പരിഹരിക്കാനുള്ള നിര്‍ദേശത്തെ മാനിക്കുന്നെന്നും പാക്കിസ്ഥാന് വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയെന്ന് പാക്കിസ്ഥാന് നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ ഇത് തള്ളിയിരുന്നു.
കഴിഞ്ഞ ദിവസമാണ് വൈറ്റ്ഹൗസില്‍ പാക്കിസ്ഥാന്റെ കരസേനാ മേധാവിയായ അസീം മുനീറിന് ട്രംപ് വിരുന്ന് നല്‍കിയത്. ഈ കൂടിക്കാഴ്ചയിലെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ അസാധാരണ നീക്കം.
Sports
ആല്‍ബെര്‍ട്ട (കാനഡ): ജി7 ഉച്ചകോടിക്കിടെ തരംഗമായത് പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇതിഹാസ താരത്തിന്റെ പോര്‍ച്ചുഗല്‍ ജഴ്സി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ സമ്മാനിച്ചു. റൊണാള്‍ഡോ ഒപ്പിച്ച പോര്‍ച്ചുഗലിന്റെ ഏഴാം നമ്പര്‍ ജഴ്സിയാണ് കോസ്റ്റ, ട്രംപിനു സമ്മാനിച്ചത്. പോര്‍ച്ചുഗലുകാരനായ അന്റോണിയോ കോസ്റ്റ 2024 ഡിസംബര്‍ മുതല്‍ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റാണ്. പോര്‍ച്ചുഗലിന്റെ 118-ാമത് പ്രധാനമന്ത്രിയുമായിരുന്നു അന്റോണിയോ കോസ്റ്റ.
' പ്രസിഡന്റ് ഡോണള്‍ഡ് ജെ. ട്രംപിന്, സമാധാനത്തിനായി കളിക്കുന്നു' എന്ന ജഴ്സിയിലെ കുറിപ്പും കോസ്റ്റ വായിച്ചുകേള്‍പ്പിച്ചു. എനിക്ക് ഇഷ്ടപ്പെട്ടു, സമാധാനത്തിനായി കളിക്കുന്നു എന്ന് ജഴ്സി വാങ്ങിക്കൊണ്ട് ട്രംപും മറുപടി നല്കി.
ലോകത്തിലെ മികച്ച ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്കാരം അഞ്ച് തവണ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ക്ലബ്, രാജ്യാന്തര വേദിയിലെ എക്കാലത്തെയും ടോപ് സ്കോറര്‍. നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കുവേണ്ടിയാണ് 40കാരനായ സിആര്‍7 പന്ത് തട്ടുന്നത്. ഔദ്യോഗിക ക്ലബ് മത്സരങ്ങളില്‍ 800ഉം രാജ്യാന്തര തലത്തില്‍ 138ഉം ഉള്‍പ്പെടെ കരിയറില്‍ 938 ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ സ്വന്തമാക്കിക്കഴിഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യെ വധിക്കാനായി ഇസ്രയേൽ തയാറാക്കിയ പദ്ധതി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീറ്റോ ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
യുഎസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രേലികൾ തയാറാക്കിയ പദ്ധതി മുഴുവൻ കേട്ടതിനുശേഷം, വൈറ്റ് ഹൗസ് അതിനോട് എതിർപ്പ് പ്രകടിപ്പിച്ചുവെന്നാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ അവകാശപ്പെട്ടത്.
നിലവിൽ ഇറാനും ഇസ്രയേലും തമ്മിൽ ഉടലെടുത്തിരിക്കുന്ന സംഘർഷം വഷളാകാതിരിക്കാൻ ട്രംപ് ഭരണകൂടത്തിന് അതീവ താത്പര്യമുണ്ട്. ഇസ്രയേലിന്റെ പദ്ധതിയെക്കുറിച്ച് ഫോക്സ് ന്യൂസിലെ പരിപാടിയിൽ ചോദ്യമുയർന്നപ്പോൾ ബെഞ്ചമിൻ നെതന്യാഹു കൃത്യമായ ഉത്തരം നൽകിയില്ല.
ചെയ്യേണ്ട കാര്യങ്ങൾ തങ്ങൾ ചെയ്യുമെന്നും ഇപ്പോഴത്തെ ദുർബലമായ ഇറാൻ ഭരണകൂടം സംഘർഷത്തിന് കാരണമായിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വധശ്രമം സംബന്ധിച്ചുള്ള വാർത്തകൾ നെതന്യാഹുവിന്റെ വക്താവ് പിന്നീട് നിഷേധിക്കുകയും ചെയ്തു.